ഇരിട്ടി: ആദിവാസി പുനരുദ്ധാരണത്തിനായി ഓരോ ബജറ്റിലും കോടികൾ അനുവദിക്കുമ്പോഴും ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കു പണം വിനിയോഗിക്കാതെ പോകുന്നു. ആനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീട്ടിലേക്ക് എത്തണമെങ്കിൽ റോഡിൽനിന്നു തെരുവക്കാടുകൾ നിറഞ്ഞ ഒറ്റയടി പാതയിലൂടെ 500 മീറ്റർ നടന്ന് വേണം വീട്ടിലെത്താൻ.
പനിബാധിച്ചിരിക്കേ തന്നെ പ്രിയപ്പെട്ടവന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ തളർന്നുവീണ അമ്പിളിയെ ജനങ്ങൾ എടുത്താണ് വാഹനത്തിൽ എത്തിച്ചത്. നടന്നെത്താൻ കഴിയാത്ത വഴികളിൽ ഒരേക്കർ ഭൂമി എന്ന സ്വപ്നത്തിന്റെ പേരിലാണ് ആദിവാസികളെ ബലി കൊടുക്കുന്നത്.
മേഖലയിൽ മരിച്ചു വീണ പതിനഞ്ചാമത്തെയാളാണ് അനീഷ്. കശുവണ്ടി, ചക്കസീസൺ ആരംഭിച്ചതോടെ വന്യജീവി സങ്കേതത്തിൽനിന്ന് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. സോളാർ വേലികൾ തകർത്താണ് ആനകൾ മേഖലയിൽ എത്തുന്നത്.
ആദിവാസികളെ സംരക്ഷിക്കേണ്ട ടിആർഡിഎം അധികൃതർ തികഞ്ഞ അലംഭാവമാണു വിഷയത്തിൽ സ്വീകരിക്കുന്നത്. അടിക്കാട് വെട്ടിത്തെളിച്ചതിൽ 45 തൊഴിലാളികളുടെ ശമ്പളം മൂന്ന് മാസമായി അധികൃതർ നൽകിയിട്ടില്ല. വനംവകുപ്പാണ് ഈ തുക നൽകേണ്ടത്. കുടിവെള്ളത്തിനായി വനത്തിലൂടെ കിലോമീറ്റർ ദൂരം പൈപ്പ് ഇട്ടാണ് കുടിവെള്ളം എത്തിക്കുന്നത്.